Sunday, 30 April 2017

മുകളിലുള്ളവരും പിന്നിലുള്ളവരും

ഉയരും കൂടുന്തോറും ചായയ്ക്ക് രുചി കൂടുമെന്ന പരസ്യവാചകം മിക്കവര്‍ക്കും ഓര്‍മ്മയുണ്ടായിരിക്കും. അതുപോലെയാണ് എല്ലാം 'മുകളിലുള്ളവന്‍' കാണുമെന്ന മുന്നറിയിപ്പും. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളില്‍, എല്ലാം മുകളിലുള്ളവന്റെ കണക്കു പുസ്തകത്തിലെ ഏടു പോലെ നടക്കുകയുള്ളൂ എന്നാണ്‌ പഴമക്കാര്‍ പറയാറുള്ളത്.

ആത്മീയപരമായും നാട്ടു ചൊല്ലായാലും മുകളിലുള്ളവര്‍ക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ഇതൊക്കെ കൊണ്ടായിരിക്കാം, ഉള്ളില്‍ നിറഞ്ഞ സങ്കടങ്ങള്‍ക്ക് ആശ്വാസം തേടി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുന്നത്. ഇപ്പോള്‍ ആരാണ് ശരിക്കും മുകളിലുള്ളവരെന്ന കണ്‍ഫ്യൂഷനിലാണ് മലയാളികള്‍. കാരണം അത്രയ്ക്കുണ്ട്, രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും ഉള്‍പ്പെടുന്ന വര്‍ഗം പണത്തിനും പ്രശസ്തിക്കും വേണ്ടി മുകള്‍ത്തട്ടില്‍ കളിക്കുന്ന അന്യായങ്ങള്‍. ഇവ ഒളിമറ നീങ്ങി വരുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് പോയകാല അനുഭവങ്ങള്‍ നമുക്ക് കാണിച്ചു തരുന്നത്. മാന്യന്മാരായി സമൂഹത്തില്‍ വാഴുന്നവരില്‍ മനുഷ്യ സഹജമായി കാണുന്ന തെറ്റുകള്‍, തെറ്റുകളേയല്ലെന്ന് വരുത്തിതീര്‍ക്കാന്‍ കാണിക്കുന്ന കളികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുകള്‍ത്തട്ടിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ-പ്രമാണി കൂട്ടുകെട്ടുകളാണല്ലോ!

നമ്മുടെ ശരീരത്തില്‍ ആകൃതി നല്‍കുന്നതും ശരീരഘടനയ്ക്ക് താങ്ങു നല്‍കുന്നതും എല്ലുകളാണ്. ഓരോ ചുവടുവെയ്പ്പുകള്‍ക്കും കരുത്തേകുന്നതും അസ്ഥികളാണ്. അതുപോലെ സമൂഹത്തിന് വേണ്ടത് നന്മകളുടെ അസ്ഥിത്വമാണ്. സമൂഹമെന്ന ഘടനയെ പൊതിഞ്ഞു സൂക്ഷിക്കുന്ന നീതിന്യായത്തിന് പക്ഷെ, വേണ്ടത്ര ഉറപ്പു നല്‍കാന്‍ നന്മകളുടെ എല്ലുകള്‍ക്കാവുന്നുണ്ടോയെന്ന സംശയമാണ്, സമകാലിക വിഷയങ്ങള്‍ ഉയര്‍ത്തുന്നത്.

ഒരു കുറ്റകൃത്യം നടന്നാല്‍, എല്ലാം 'മേലെയുള്ളവന്‍' കാണുന്നുവെന്ന വിശ്വാസമാണ് പലര്‍ക്കും. പക്ഷെ, ആരാണ് മേലെയുള്ളവര്‍. ദൈവമാണ് മേലെയുള്ളതെന്നാണ് പൊതുവിശ്വാസം. ആകാശക്കൊട്ടാരത്തിലിരുന്ന് ഭൂമിയിലെ മനുഷ്യരെ സദാ നീരീക്ഷിക്കുകയും നീതിന്യായ, കാരുണ്യ, അനുഗ്രഹങ്ങള്‍ ചേരുംപടി നല്‍കിക്കൊണ്ടിരിക്കുകയാണ് ദൈവം. വ്യത്യസ്ത മതചിന്താധാരകള്‍ക്കിടയിലും വിശ്വാസസമൂഹം ഒറ്റക്കെട്ടായി പ്രചരിപ്പിക്കുന്നത് ഈ വസ്തുതയാണ്. ദൈവവിശ്വാസമില്ലെങ്കില്‍, അവിടെ ചെകുത്താന്‍ (സാത്താന്‍) വാഴുക തന്നെ ചെയ്യും. സാത്താന്റെ സ്വാധീനഫലമായി ഒരു കുറ്റം നടന്നാല്‍, പണ-വ്യക്തി സ്വാധീനമനുസരിച്ച് അവ ഒതുക്കി തീര്‍ക്കുന്നവരെയും 'മുകളിലുള്ളവര്‍' എന്ന വിശേഷണം നല്‍കി മലയാളികള്‍ ആശ്വാസം കണ്ടെത്തുന്നു. കാരുണ്യവാനും കരുണാനിധിയും നീതിന്യായത്തില്‍ സത്യത്തിന് ശക്തിപകരുകയും ചെയ്യുന്ന, ദൈവം എന്ന ഭൂലോക രക്ഷിതാവ്, ഒരിക്കലും തെറ്റിന് കൂട്ടുനില്‍ക്കുമോ? ഇല്ലായെന്ന് നമുക്കറിയാം.

ലോകത്തിന്റെ ഏതുകോണിലും കുറ്റം നടന്നാല്‍, അത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ദൈവം, തന്റെ കോടതിയില്‍ തക്കതായ ശിക്ഷ വിധിക്കുമെന്ന ഉറപ്പുകൊണ്ടാണ്, ലോകം ഇത്രയെങ്കിലും നന്മകളാല്‍ പ്രകാശിതമാകുന്നത്. അപ്പോള്‍, കുറ്റവാളികള്‍, ഭൂമിയിലെ നീതിന്യായവ്യവസ്ഥയില്‍ നിന്നും രക്ഷപ്പെട്ടാലും മരണാനന്തരലോകത്തെ ദൈവ കോടതിയില്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. ചിലപ്പോള്‍ ദൈവം ഭൂമിയില്‍ വച്ചു തന്നെ, അസത്യത്തിന് മേലെ സത്യത്തിന്റെ വിജയം വരുത്താറുമുണ്ട്. അതാണ്, പലപ്പോഴും മറഞ്ഞുകിടക്കുന്ന അഴിമതികളും കുറ്റകുതൃങ്ങളും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും പുറത്ത് വന്ന് സമൂഹത്തെ ഞെട്ടിക്കുന്നത്. നാട്ടിലെ തെറ്റുകള്‍ക്ക് മുകളിലുള്ളവര്‍ സഹായിക്കുമെന്ന് പറയുമ്പോള്‍, അവിടെ ദൈവമല്ല, 'സാത്താന്റെ സന്തതി'-കളാണ് പ്രതി സ്ഥാനത്ത്. നമുക്ക് ചുറ്റും മാന്യതയുടെ മുഖംമൂടി അണിഞ്ഞവരുടെ തെറ്റുകള്‍ക്ക് മുകളിലുള്ളവര്‍ കണ്ണടക്കുമ്പോള്‍, നന്മയുടെയും സ്‌നേഹത്തിന്റെയും നീതിയുടെയും തമ്പുരാനായ ദൈവത്തിന് കൂട്ടുനില്‍ക്കാനാവില്ല. ജീവിതത്തില്‍ കാട്ടിക്കൂട്ടുന്ന തെറ്റുകളില്‍ നിന്നും വഴിമാറുകയും ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രായശ്ചിത്വം തേടുകയും ചെയ്താല്‍, കാരുണ്യവാനായ ദൈവം ക്ഷമിക്കുകയും സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നുവെന്ന അറിവ് നന്മകളുടെ പാതയിലൂടെയുള്ള നമ്മുടെ  യാത്രകള്‍ക്ക് ശക്തി പകരട്ടെ.

ഇതുപോലെയാണ്, പിന്നിലുള്ളവര്‍. നന്മയെ ശക്തിപ്പെടുത്താതെ, പ്രതിഭകളെ പ്രോത്സാഹിപ്പിക്കാതെ, വിദ്യാസമ്പന്നരെ ആദരിക്കാതെ സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി പിന്നിലൂടെ കളികളിലേര്‍പ്പെടുന്നവരെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്നാല്‍ കാണാം. നന്മ ചെയ്യുന്നവരില്‍, ദൈവീകമായ ചൈതന്യം നമുക്ക് അനുഭവപ്പെടുന്നു. അവരുടെ ചിന്തകളിലും യാത്രകളിലും വിശ്രമത്തിലുമെല്ലാം ദൈവസ്പര്‍ശവുമുണ്ടാവുന്നു. എന്നാല്‍, ചിലരാകട്ടെ, നന്മകളുടെ വഴിയില്‍ തിന്മകളെ കൊണ്ട് തടസ്സം സൃഷ്ടിക്കുന്നതിനുള്ള ഗവേഷണത്തിലാണ്. കഷ്ടപ്പെട്ട് പഠിച്ച്, യോഗ്യതയോടെ തൊഴില്‍ നേടാന്‍ പോകുന്നവരെ, ഇളഭ്യരാക്കി പിന്‍വാതിലിലൂടെ മുന്‍നിരയിലെത്തുന്നവരെ നാം സര്‍ക്കാര്‍, സര്‍ക്കേതര മേഖലകളില്‍ കാണുകയും ഇവരെ പറ്റിയുള്ള ഒട്ടേറെ കഥകള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. സത്യത്തില്‍, പഠനവും കഴിവും നേടിയ പ്രതിഭയെ കയ്യൊഴിഞ്ഞ് പിന്നിലൂടെ കടന്ന് വന്ന് സുഖലോലുപതകളില്‍ അഭിരമിക്കുന്ന അവസ്ഥയ്ക്ക് കൂട്ടുനില്‍ക്കുന്നത് ചിലരാണ്. പണത്തിനും സ്വാധീനത്തിനും വഴങ്ങിയാണവര്‍, തിന്മകളെ പിന്നിലൂടെ പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം ഒരു ദുരുദ്ദേശത്തിനും പിന്നിലും ദൈവസ്പര്‍ശം നമുക്ക് കാണാനാവില്ല. രാഷ്ട്രീയത്തിന്റെയും സ്വാധീനവ്യക്തിത്വങ്ങളുടെയും ഇടയിലും നന്മമരം വളരുകയും പൂക്കുകയും കായ്കനികള്‍ സമൂഹത്തിന് നിറഞ്ഞ മനസോടെ നല്‍കുന്നതും നാം കാണാതിരുന്നുകൂട.

അവിടെ ദൈവമാണ് ആ പ്രതിഭകള്‍ക്ക് പിന്നിലുള്ളത്. ഈ യുവത്വങ്ങള്‍ക്ക് നന്മകള്‍ ജ്വലിപ്പിക്കാന്‍ കഴിയുന്നത് ദൈവബോധവും ദൃഢനിശ്ചയവും ഉള്ളതു കൊണ്ടാണ്. ദൈവസഹായമില്ലാത്തവരുടെ മനസും ചുറ്റുപാടും എന്നും അസ്വസ്ഥതയുടെ കൊട്ടാരം പോലെയായിരിക്കും. നന്മയും തിന്മയും ദൈവത്തിന്റെ നിയന്ത്രണത്തിലാണെന്ന കാര്യവും മറന്നുകൂട. മനുഷ്യമനസുകളെ സ്വതന്ത്രപ്പെടുത്തിയ ദൈവം, തന്റെ കല്‍‌പനകളെ ജീവിതാന്ത്യം വരെ ആരെല്ലാമാണ് പിന്തുടരുന്നത്, അവരുടെ പിന്നാലെ നന്മയുടെ പ്രകാശവുമായി സദാ കൂടെയുണ്ട്. ഇതേതുടര്‍ന്ന് ഇവരുടെ ജീവിതം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പൂന്തോപ്പായി മാറുകയാണ്. അപ്പോള്‍ മുകളിലുള്ളവരും പിന്നാലെയുള്ളവരും സാത്താന്റെ വഴി കാണിക്കുമ്പോഴും നമുക്ക് നന്മയുടെ പാതയിലൂടെ പറുദീസയിലേക്ക് യാത്ര പോകാം. അതിനായുള്ള ശ്രമത്തിലാകട്ടെ, ഇനിയുള്ള ഓരോ നിമിഷവും. ഓര്‍ക്കുക, തെറ്റുകള്‍ക്ക് മുകളിലും പിന്നാലെയും ഭൂമിയിലെ ആരൊക്കെ സഹായിച്ചാലും ദൈവ കോപവും ശിക്ഷയും മരവിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. നന്മയുടെ മേലെ എത്ര മുകളിലുള്ളവര്‍ മലിനപ്പെടുത്തിയാലും പിന്നാലെ നാശത്തിന്റെ കാഹളം മുഴക്കിയാലും ദൈവ സ്‌നേഹത്താല്‍ സമ്പന്നമായ ഹൃദയമുണ്ടെങ്കില്‍ തോല്‍പ്പിക്കാന്‍, ഒരു ചെകുത്താനും സാധ്യവുമല്ല. എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും തുളുമ്പുന്ന ജീവിതം ദൈവം നല്‍കി അനുഗ്രഹിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു.
യൂസുഫ് പി ഹമീദ്
ജനറല്‍ മാനേജര്‍
ഇസ്ലാമിക് എക്സേഞ്ച്, ദോഹ

Friday, 14 April 2017

കരിയർ

കുഞ്ഞു നാളിൽ നിന്റെ ജീവിതത്തിൽ നീ ആരാകണം എന്നു ചോദിച്ചാൽ ഉടനെ തന്നെ നിഷ്കളങ്കമായ മനസ്സിൽ നിന്നും ഒരുപാട് ഉത്തരങ്ങൾ ഉയർന്നു വരും. മെസ്സിയെ പോലെയോ,സച്ചിനെ പോലെയോ ഒരു കളിക്കാരനാവണം,അല്ലെങ്കിൽ വണ്ടികൾ ഓടിക്കുന്ന ഒരു ഡ്രൈവറാകണം അതുമല്ലെങ്കിൽ മിഠായികൾ വിൽക്കുന്ന ഒരു കച്ചവടക്കാരനാവണം തുടങ്ങി അങ്ങിനെ പലതും...തന്റെ അന്നുകണ്ട ജീവിതത്തിലെ പച്ചയായ ചിത്രങ്ങളെ മനസ്സിലേക്ക് ആവാഹിക്കുന്നതിലൂടെ അതിൽ നിന്നും താൻ തന്നെ കണ്ടെത്തുന്ന ഒന്നാണ് ഇത്തരത്തിലുള്ള ചിന്താശകലങ്ങൾ. ഈ ചിന്തകൾ പ്രൈമറിതല വിദ്യഭ്യാസ കാലഘട്ടത്തിൽ ഏറിവന്നാൽ സെക്കന്ററി തലത്തിൽ വരെ എത്തി നിൽക്കാം....

പക്ഷെ ഹൈസ്കൂൾതല വിദ്യഭ്യാസത്തിലേക്ക് കടന്നാൽ വിദ്യാർത്ഥികളുടെ മനസ്സിൽ ചിന്തകളുടെ മാറ്റൊലി കണ്ടു തുടങ്ങും. ശരിയായ ദിശ തിരഞ്ഞെടുക്കാൻ അവരുടെ മനസ്സ് മന്ത്രിക്കുന്നതുവഴി അതിലേക്ക് നടന്നടുക്കുവാൻ ശ്രമം തുടങ്ങുന്നു.എന്നാൽ ഇവിടെ പലപ്പോഴും വില്ലന്മാരായി മാതാപിതാക്കളും,ഗുരുജനങ്ങളും എത്തുന്നതുവഴി താൻ എടുത്ത തീരുമാനങ്ങൾക്ക് വിഖാതമായി മറ്റൊരു പാതയിലേക്ക് വഴി തിരിച്ചു വിടേണ്ട തെറ്റായ ഒരു തീരുമാനം ഉൾകൊള്ളാൻ മനസ്സിനെ പാകപ്പെടുത്തുന്നു.തനിക്ക് യോജിച്ച തൊഴിൽ ഇന്നതാണെന്ന് മനസ്സിലുണ്ടെങ്കിലും അതിനെ കൈവെടിഞ്ഞു തനിക്കാഗ്രഹമില്ലാത്ത മറ്റൊന്നിനെ തേടിപോകുമ്പോൾ അതിൽ വിജയം കണ്ടെത്താൻ ഒരു പക്ഷെ ഒരുപാട് സമയം എടുക്കേണ്ടതായി വരും ചിലപ്പോൾ വിജയിച്ചില്ലെന്നുതന്നെ വരാം.താൻ തോറ്റ ജീവിത മത്സരങ്ങളിൽ തന്റെ മക്കളെ വിജയിപ്പിക്കുമെന്ന വാശിയാണ് ഒരു പിതാവിന്റെ മനസ്സിൽ എപ്പോഴും ഉണ്ടാവുക.അതു തന്റെ മക്കൾക്ക് താങ്ങാൻ കഴിയാത്തതാണെങ്കിൽ തന്റെ മക്കളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ തടസ്സം നേരിടുക തന്നെ ചെയ്യും എന്നത്  പകൽ പോലെ സത്യമുള്ള ഒരു വസ്തുതയാണ് .

ഒഴുക്കിനൊത്ത് മുന്നോട്ട് പോകുന്ന ചില വിദ്യാർത്ഥികളുണ്ട്.തന്റെ വിദ്യഭ്യാസ കാലഘട്ടത്തിൽ തന്റേതായ ഒരു ആഗ്രഹവും പ്രകടിപ്പിക്കാതെ വരുന്നിടത്തുവെച്ചു കാണാം എന്ന ചിന്താഗതി. തന്റെ കൂട്ടുകെട്ടുകളാവാം       ഇങ്ങിനെയെല്ലാം ചിന്തിപ്പിക്കുന്നത്.യൗവ്വനകാലത്തിലുള്ള കൂട്ടുകെട്ടുകളാണ് ഇതിലെ പ്രധാന ഘടകം.കളിച്ചും,രസിച്ചും വളരെ സ്വാതന്ത്ര്യത്തോടെ നടക്കുന്ന പ്രായം.മാതാപിതാക്കളുടെ നിയന്ത്രണമില്ലെങ്കിലോ പരമസുഖം.ഈ ഒരു കാലഘട്ടം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ മുന്നോട്ടുള്ള തന്റെ നല്ല ഒരു കരിയർ തിരഞ്ഞെടുക്കാൻ താൻ വിജയിച്ചു എന്നു തന്നെ പറയാം.ഇവിടെ തന്റെ സുഹൃത്തു പറയും നമ്മുക്ക് സയൻസ് വേണ്ട ആർട്സ് എടുക്കാമെന്ന്. അങ്ങിനെയാണെങ്കിൽ കാമ്പസ് ജീവിതം അടിച്ചു പൊളിക്കാം.സയൻസാണെങ്കിൽ ഒരുപാട് പഠിക്കുകയും എന്നും ക്ലാസ്സിൽ കയറേണ്ടിവരും എന്നൊക്കെയുള്ള വിശദീകരണങ്ങളും,നിരവധി താരതമ്യ പഠനങ്ങളും.ഇതുകേട്ടുകൊണ്ട് മറ്റുള്ള തന്റെ മറ്റുള്ള തന്റെ പാഠ്യവിഷയങ്ങളിലുള്ള അഭിരുചി മാറ്റിവെച്ചു പഠിക്കുന്ന കാലഘട്ടത്തിലെ സ്വാതന്ത്ര്യം ആഘോഷിക്കണം എന്ന ചിന്തമാത്രം മനസ്സിൽ വെച്ചുകൊണ്ട് തുടർവിദ്യഭ്യാസം നടത്തുന്ന വിദ്യാർത്ഥികളെ കാണാം.

തന്റെ കരിയർ തന്നെ നഷ്ടപ്പെടുത്തുന്ന മറ്റൊരു വിഭാഗം വിദ്യാർത്ഥികളാണ് രാഷ്ട്രീയം കളിച്ചു നടക്കുന്നവർ.ഇന്നത്തെ വർത്തമാന കാലത്തിൽ കാണുന്ന പല രാഷ്ട്രീയ നേതാക്കളും കാമ്പസ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു നേതാക്കളായി ഉയർന്നു വന്നവരാണ് എന്ന സത്യം മനസ്സിലാക്കാതെ തന്റെ വിദ്യഭ്യാസവും അവസാനിപ്പിച്ചു സ്വന്തം ജന്മ നാട്ടിലെ ചെറിയ നേതാക്കളായി ചമഞ്ഞ്‌ അല്ലെങ്കിൽ അങ്ങിനെ തന്നെ ഒരു സ്ഥാനവും വഹിച്ചു ഒരു കാര്യവുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് വെറുതെ ജീവിതം ഹോമിച്ചു കളയുന്ന ഒരു വിഭാഗമുണ്ട്.സത്യത്തിൽ തന്റെ കരിയറിനെപറ്റി ഒരു ധാരണയുമില്ലാതെ താൻ അറിയാതെ തന്നെ മറ്റുള്ളവരുടെ കയ്യിലെ കളിപ്പാവകളായി മാറുകയാണ് ഇക്കൂട്ടർ.

 ഏതെങ്കിലും ഒരു കരിയർ മേഖല കണ്ടെത്തിയാൽ അതിലേക്ക് എത്തിച്ചേർന്ന് വിജയം കരസ്ഥമാക്കുന്നതിന്ന് കഠിനാധ്വാനവും,അർപ്പണ മനോഭാവവും കൂടിയേ കഴിയൂ..എങ്കിലെ നാം ഉദ്ദേശിച്ച ലക്ഷ്യപ്രാപ്തിയിലെത്തിച്ചേരാൻ സാധിക്കുകയുള്ളു.അല്ലാതെ എല്ലാം തന്നിലേക്ക് വന്നുചേർന്നു കൊള്ളും എന്ന ചിന്താഗതി പുലർത്തിപോന്നാൽ വിപരീത ഫലമായിരിക്കും ഉണ്ടാവുക.നമ്മുടെ കരിയർ മേഖല വെറുമൊരു ജോലിയോ,ശമ്പളം കിട്ടുന്ന മാർഗ്ഗമോ മാത്രമല്ല.തനിക്കിഷ്ട്ടപ്പെട്ട മേഖല തിരഞ്ഞെടുക്കുക വഴി മനസ്സു നിറഞ്ഞ്‌ ആ മേഖലയിൽ പ്രശോഭിക്കുവാനും,ഉയർന്നു മുന്നോട്ട് പോകുവാനും കഴിയുകയുള്ളൂ.അല്ലാതെ വരുമാനവും,സാമൂഹിക അംഗീകാര ലഭ്യതക്കുറവും ചിന്തിച്ചുകൊണ്ട് പിന്നോട് നിൽക്കുകയല്ല വേണ്ടത്.തനിക്ക് ശോഭിക്കാൻ കഴിയുന്ന മേഖല തിരഞ്ഞെടുക്കുക മുന്നോട്ട് പോവുക.ബിരുദം ഇന്ന് ഒരു പ്രാഥമിക യോഗ്യതയാണ്.ബിരുദത്തിനപ്പുറമുള്ള ഉപരിപഠനത്തിന്ന് മുൻപത്തേക്കാളേറെ പ്രസക്തിയുണ്ട്.വിദ്യാർത്ഥികൾ സ്വപ്‌നങ്ങൾ കാണേണ്ടിയിരിക്കുന്നു.ഒരുപാട് സ്വപ്‌നങ്ങൾ കണ്ടാലേ തനിക്ക് ചെറുതായെങ്കിലും താൻ കണ്ട സ്വപ്നങ്ങളെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി തീർക്കാൻ കഴിയത്തുള്ളൂ.തന്റെ ജീവിതം പെട്ടെന്ന് പച്ചപിടിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകണമെന്ന ആഗ്രഹം, കരിയർ മേഖല തിരഞ്ഞെടുക്കുമ്പോൾ തെറ്റായ തീരുമാനങ്ങൾ കടന്നുകൂടുവാൻ കാരണമായേക്കാം.സമയമെടുത്ത് ക്ഷമയോടുകൂടി മനസ്സിനിണങ്ങിയ മേഖല തിരഞ്ഞെടുക്കുകയാണ് ഏറ്റവും നല്ല രീതി.ചില സാഹചര്യങ്ങൾ അതിന്നു കഴിഞ്ഞില്ലെന്നു വരാം.അങ്ങിനെയുള്ള സമയങ്ങളിൽ പ്രതീക്ഷകൾ കൈവെടിയാതെ മുന്നോട്ട് പോകുന്നതിലൂടെ മാത്രമേ നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരുവാൻ സാധിക്കുകയുള്ളു.ആ ലക്ഷ്യ പ്രാപ്തിക്കുവേണ്ടി സ്ഥിരമായ പരിശ്രമം കൂടിയേ കഴിയൂ.അല്ലാതെ മാനസ്സികമായി ആകെ തളർന്ന്‌ അതു തനിക്ക് എത്തിപ്പെടാൻ പറ്റിയ മേഖലയല്ല എന്നു ചിന്തിച്ചു കഴിഞ്ഞാൽ പിന്നീട് സംഭവിക്കുന്നതെല്ലാം ഒരു യാന്ത്രിക പ്രയാണമായിരിക്കും.

താൻ എത്തപ്പെട്ട മേഖലയിൽനിന്നും തന്റെ കരിയർ പടിപടിയായി ഉയർത്തിക്കൊണ്ടു വരുന്നവരുണ്ട് . അവരുടെ ജീവിതത്തെ കുറിച്ചു പഠിക്കുകയാണെങ്കിൽ തനിക്ക് വളരാൻ കഴിയുന്ന മേഖലയാണെന്ന് മനസ്സിലാക്കിയ ഒരു വ്യക്തി പിന്നീടങ്ങോട്ട് തന്റെ കഠിനാധ്വാനത്തിലൂടെ കാര്യങ്ങൾ ഗ്രഹിക്കുകയും അതു തന്റെ കഴിവാക്കി എടുത്തുകൊണ്ട് ജോലിയിൽ പ്രാവർത്തികമാക്കാനും ശ്രമിക്കുന്നു. തന്റെ കരിയറിൽ അങ്ങിനെയുള്ള ഒരു പിടിവള്ളികിട്ടിയാൽ അതിലൂടെ ഉയർന്നു വരുവാൻ കഴിയുന്നു.അത് ആ വ്യക്തിയുടെ കഴിവാണ്,കഠിനാധ്വാനത്തിന്റെ ഫലമാണ്. ഇങ്ങിനെയുള്ള വ്യക്തിത്തങ്ങൾക്ക് വളരെ എളുപ്പത്തിൽ  സമൂഹത്തിൽ ശോഭിക്കുവാനും കഴിയും.ഈ ഒരു കഴിവ് എല്ലാവർക്കും ലഭ്യമായി കൊള്ളണമെന്നില്ല. ചില വ്യക്തിത്വങ്ങൾ അങ്ങിനെയുള്ള ഒരു സാഹചര്യം ലഭിച്ചാൽ തന്നെ അതു ശരിക്കും ഉപയോഗപ്പെടുത്താതെ മുന്നോട്ട് പോകും. അത്തരം ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി സമൂഹമാധ്യമങ്ങളിൽ നിന്നും ഏറെ അകലെയായിരുക്കും.വ്യക്തിയുടെ വിദ്യഭ്യാസ,പരിശീലന,തൊഴിൽ സാധ്യതകളെ ഏതു പ്രായത്തിലും പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന കരിയർ ഗൈഡൻസ് ഇന്നുണ്ടെങ്കിലും തന്റെ അഭിരുചി താൻ തന്നെ മനസ്സിലാക്കി അതിനെ വികസിപ്പിക്കുകയും,കഠിനാധ്വാനത്തിലൂടെ തന്റെ ലക്ഷ്യ പൂർത്തീകരണത്തിന്നുവേണ്ടി പ്രയത്നിച്ചുകൊണ്ട് അത് നേടിയെടുക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടെ.....

ഷിയാസ് അബൂബക്കർ.
തിരുനെല്ലൂർ.

Wednesday, 12 April 2017

അബു ഖാസിം സഹ്റവി

അബു ഖാസിം സഹ്റവി..സുലൈമാൻ മുഹമ്മദ്‌
കേട്ടു പരിചയം ഇല്ലാത്ത പേര് അല്ലേ? എന്നാൽ ഓർമ്മയിൽ വെച്ച് കൊള്ളുക, ഇദ്ധേഹമാണ് ആധുനിക ശസ്ത്രക്രിയയുടെ പിതാവ്. സ്കൂൾ സിലബസുകളിലോ വിജ്ഞാനത്തിന്റെ കലവറകളെന്നു കൊട്ടിഘോഷിക്കപ്പെടുന്ന ആധുനിക മാഗസിനുകളിലോ, വെബ്സൈറ്റുകളിലോ, നിങ്ങൾ ഈ പേര് കേട്ടെന്നിരിക്കില്ല. കാരണം 'ചിലരെയെല്ലാം' മറന്നെങ്കിലേ 'പൊതു സമൂഹത്തിന്' സ്വീകാര്യമായ ചരിത്രം രചിക്കാനാകൂ.

അബൂ ഖാസിം സഹ്റവി ജനിച്ചത് ക്രിസ്തുവർഷം: 936 ഇൽ പുരാതന സ്പൈനിലെ അൽ-സഹ്റ പട്ടണത്തിൽ ആണ്. പഠനം പ്രശസ്തമായ കൊർദോബയിൽ. ലോക പ്രശസ്തമായ അദ്ധേഹത്തിന്റെ വൈദ്യശാസ്ത്ര കൃതിയാണ് ''കിതാബ് അൽ തസ്രീഫ്''. യൂറോപ്പ് വൈദ്യശാസ്ത്ര മേഖലയിൽ, പ്രത്യേകിച്ച് ശസ്ത്രക്രിയാ രംഗത്ത് മുന്നേറിയത് സഹ്രവിയുടെ പാഠങ്ങൾ പിൻപറ്റിയാണ്‌. കിതാബ് അൽ-തസ്രീഫ് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗെരാദ്‌ സെറിമോണ ലാറ്റിൻ ഭാഷയിലേക്ക് തർജമ ചെയ്തു. പിന്നീട് പല ഭാഷകളിലേക്കും. ഇതിന്റെ ചുവട് പിടിച്ചാണ് ശസ്ത്രക്രിയാ രംഗത്ത് പിന്നീട് നടന്ന പല പരീക്ഷണങ്ങളും പ്രബന്ധങ്ങളും പുരോഗമിച്ചത്.

''കിതാബ് അൽ തസ്രീഫ്''ഇൽ  വൈദ്യനും രോഗിയും തമ്മിൽ പെരുമാറേണ്ട രീതിയെ കുറിച്ചും അത് ചികിത്സയെ എങ്ങിനെ ബാധിക്കുന്നു എന്നതിനെ കുറിച്ചും ഓരോ രോഗികളെയും പ്രത്യേകം സൂക്ഷ്മമായി നിരീക്ഷിച്ച് അവർക്ക് പ്രത്യേകം ചികിത്സ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അത്രയ്ക്ക് സൂക്ഷ്മമായി അദ്ദേഹം കാര്യങ്ങളെ വിവരിക്കുന്നു.

''ശസ്ത്രക്രിയയും, അതിന്റെ ഉപകരണങ്ങളും''  എന്നത് അദ്ധേഹത്തിന്റെ വിഖ്യാതമായ മറ്റൊരു കൃതിയാണ്. ഇതിൽ ചിത്രങ്ങൾ സഹിതം അദ്ദേഹം കണ്ടുപിടിച്ച ഉപകരണങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇത് പീറ്റർ അർഗെലാറ്റ തർജ്ജമ ചെയ്തു. ഏകദേശം ഇരുനൂറോളം ശസ്ത്രക്രിയാ ഉപകരണങ്ങൾ അദ്ദേഹം പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഫൊർസെപ്സ്എന്ന ഉപകരണം പ്രസവ സമയത്ത് ഉപയോഗിക്കുന്ന വിധവും വിവരിക്കുന്നു.

കൂടാതെ മൈഗ്രൈൻ ചികിത്സ, ചെവിയുമായി ബന്ധപ്പെട്ട ചികിത്സ, പ്രസവ ചികിത്സ എന്നിവയിലെല്ലാം അദ്ധേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. ക്രിസ്തു വര്ഷം 1013 ഇൽ അദ്ദേഹം ഈ ലോകത്തോട്‌ വിടപറഞ്ഞു.
സുലൈമാൻ മുഹമ്മദ്‌.

സോഷ്യല്‍ മീഡിയാ

സോഷ്യല്‍ മീഡിയാ പ്രോഫൈലുകളും സ്റ്റാറ്റസുകളും  വ്യക്തിത്വത്തെ  പ്രതിഫലിപ്പിക്കുന്നുണ്ട്.അതിനാല്‍ ഗൗരവപൂര്‍‌വം തങ്ങളുടെ ഓണ്‍ലൈന്‍ ഇടങ്ങളെ പരിപാലിക്കാന്‍ കഴിയാത്തവര്‍ എക്കൗണ്ടുകള്‍ ക്രിയേറ്റു ചെയ്യാതിരിക്കലായിരിക്കും ഉചിതം.

പ്രൊഫൈല്‍ കൊണ്ടുദ്ധേശിക്കുന്നത് എന്താണെന്നു സോഷ്യല്‍ മീഡിയകളില്‍ ഉള്ള നല്ലൊരു വിഭാഗത്തിനും ഇപ്പോഴും തിരിഞ്ഞിട്ടില്ലെന്നാണ്‌ മനസ്സിലാകുന്നത്.പലരും തങ്ങളുടെ സന്താനങ്ങളുടെയൊ,പ്രിയപ്പെട്ടവരുടെയൊ അതുമല്ലെങ്കില്‍ തങ്ങളുടെ ആശയാദര്‍‌ശങ്ങളുമായി ബന്ധപ്പെട്ട അടയാളങ്ങളൊ ഒക്കെയാണ്‌ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്.ഓരോരുത്തരും തങ്ങളെ തിരിച്ചറിയാനുതകുന്ന ചിത്രങ്ങള്‍ പ്രദര്‍‌ശിപ്പിക്കുന്നതായിരിക്കും നല്ലത്‌.പ്രത്യേക സാഹചര്യങ്ങളും സന്ദര്‍‌ഭങ്ങളും ഓര്‍‌മ്മപ്പെടുത്തലുകളും ഒക്കെയായി ബന്ധപ്പെട്ടവ വേണമെങ്കില്‍ കവര്‍ ചിത്രങ്ങളിലൂടെ ആകാവുന്നതേ ഉള്ളൂ.

പലരുടേയും എഫ്‌.ബി ടൈം ലൈനുകള്‍ അവരവരുടെ വ്യക്തിത്വത്തിനു തന്നെ കളങ്കമേല്‍‌പ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ചിത്രീകരണങ്ങളും ചേര്‍‌ക്കപ്പെട്ടു കിടക്കുന്നത്‌ സര്‍‌വ സാധാരണമായിരിക്കുന്നു.എഫ്.ബി യില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പല പങ്കുവെക്കലുകളും അഭിലഷണീയമാകാറില്ല.ഇതിനെ നിയന്ത്രിക്കാനുള്ള സൗകര്യം സെറ്റിങ്സില്‍ ഉള്ളതിനെക്കുറിച്ച്‌ അധികപേരും ബോധവാന്മാരുമല്ല.സെറ്റിങ്സിലെ ടൈംലൈന്‍&ടാഗിങില്‍ മറ്റാരും തന്റെ ടൈം ലൈനില്‍ പോസ്റ്റ്‌ ചെയ്യാതിരിക്കാനും പങ്കുവെയ്‌ക്കാതിരിക്കാനുമുള്ള പ്രത്യേക സൗകര്യം തെരഞ്ഞെടുക്കാവുന്നതാണ്‌.അതുപോലെ ടാഗിങ് നിയന്ത്രിക്കാനും കഴിയും.കോര്‍ക്കപ്പെട്ട ടാഗ് തന്റെ അനുവാദത്തോടെ മാത്രം പ്രത്യക്ഷപ്പെടുക എന്ന സാങ്കേതിക സൗകര്യം തെരഞ്ഞെടുത്താല്‍ മതിയാകും.അഥവാ ആരെങ്കിലും ടാഗ് ചെയ്‌താല്‍ താല്‍‌പര്യമുണ്ടെങ്കില്‍ മാത്രം അനുവദിക്കാനും  അല്ലെങ്കില്‍ നിരാകരിക്കാനും പറ്റും.മറ്റുള്ളവര്‍ കാണുന്നത് ഓരോരുത്തരുടെയും ടൈംലൈനാണ്‌.ടൈം‌ലൈന്‍ വൃത്തിയിലും വെടിപ്പിലും പരിപാലിക്കുന്നതാണ്‌ സൗന്ദര്യ ബോധമുള്ളവര്‍ക്ക് അഭികാമ്യം.സം‌സ്‌കാര സമ്പന്നര്‍‌ക്കും.

സോഷ്യല്‍ മീഡിയവഴിയുള്ള സൗഹൃദത്തില്‍ നന്നായി അറിയുന്നവരും അല്ലാത്തവരും സ്വാഭാവികം.അതു പോലെ വളരെ നന്നായി അറിഞ്ഞിരിക്കെ തന്നെ കണ്ണിയില്‍ ചേര്‍ക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളും ഉണ്ടായിരിക്കാം.അരോചകമായ പോസ്റ്റുകള്‍ നിരന്തരം തൊടുത്തു വിടുന്നവരെ അണ്‍ ഫോളോ ചെയ്യാവുന്നതാണ്‌.ഒരു പ്രത്യേക സ്രോതസ്സില്‍ നിന്നും വരുന്ന അരോചകങ്ങള്‍ ആരു പങ്കു വെച്ചാലും ന്യുസ്‌ ഫീഡില്‍ റിലീസ്‌ ആവാതിരിക്കാനും സൗകര്യങ്ങളുണ്ട്‌.ഒരു നിലക്കും പൊറുപിക്കാനാവാത്തവരെ ബ്ലോക് ചെയ്യാനും സാധിക്കും.അത്തരക്കാരുടെ ഇന്‍‌ ബോക്‌സ്‌ 'കോപിരാട്ടികളും' ബ്ലോക് ചെയ്യാം.വിശിഷ്യാ സ്‌ത്രികള്‍‌ക്ക്‌ ഏറെ ഉപകാരപ്രദമത്രെ ഈ സൗകര്യം.

ആരൊക്കെ പറഞ്ഞാലും സോഷ്യല്‍ മീഡിയ വലിയ അനുഗ്രഹം തന്നെയാണ്‌.എന്നാല്‍ ഈ അനുഗ്രഹത്തെ കുറെയൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഫലപ്രദമായി സ്വാധീനിക്കാനും സ്വാധീനിപ്പിക്കാനും നന്മയുടെ വാഹകര്‍‌ക്ക് ഇനിയും സാധിച്ചിട്ടില്ല.പ്രവാചക പ്രഭുവിന്റെ ഏറെ ഹൃദ്യമായ  മധു മൊഴികള്‍ പോലും കഠിന കഠോര അക്ഷരത്തെറ്റുകളാല്‍ അനാകര്‍‌ഷകമാക്കപ്പെടുന്നു.മന്ത്ര മനോഹരങ്ങളായ സന്ദേശങ്ങള്‍ അരോചകമായ അടിക്കുറിപ്പുകൊണ്ട്‌ വികൃതമാക്കപ്പെടുന്നു.ലേലം വിളികളാല്‍ മുഖരിതമായ അങ്ങാടിപോലെ കോലാഹലങ്ങള്‍കൊണ്ട്‌ മലിനമാക്കപ്പെടുന്നു.

ഒരിക്കല്‍ ഒരു  സുഹൃത്ത്‌ പറഞ്ഞു.എഫ്‌.ബിയിലെ ബഹു ഭൂരിപക്ഷം  സുഹൃത്തുകളേയും 'അണ്‍ഫോളോ' ചെയ്‌തിരിക്കുകയാണ്‌.കാരണം അവരുടെ പോസ്റ്റുകളിലെ ഭാഷാ പ്രയോഗങ്ങളും അരോചകങ്ങളായ സം‌വാദങ്ങളും അരസികവും അനഭിലഷണീയവുമായ  സം‌ശയ നിവാരണങ്ങളുമാണത്രെ. വൈവിധ്യമാര്‍‌ന്ന സാമുഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ ഭൂമികയിലാണ്‌ താന്‍ എന്നു മറന്നു കൊണ്ടാണ്‌ പലരും കീ ബോര്‍‌ഡില്‍ പ്ലേ ചെയ്‌തു കൊണ്ടിരിക്കുന്നത് എന്നത് ഖേദകരം തന്നെ.

പ്രൊഫൈലുകള്‍ എഫ്‌.ബി യിലായാലും വാട്ട്‌സാപ്പിലായാലും  ഏതു സോഷ്യല്‍ മീഡിയിലാണെങ്കിലും മാന്യമായിരിക്കണം.മൊബൈല്‍ ട്യൂണുകളും ശ്രദ്ധിക്കേണ്ടതുണ്ട്‌.പിതാവിന്റെ മരണ വിവരം കേട്ട്‌ ഓടിയെത്തിയ യുവാവ്‌ മൃതദേഹത്തിന്നരികെ വിങ്ങിപ്പൊട്ടി നില്‍‌ക്കുമ്പോള്‍ 'ഖല്‍‌ബിലെത്തീ'റിങ് മുഴങ്ങിയതും നാട്ടുകാര്‍ കൈകാര്യം ചെയ്‌തതും സാങ്കല്‍‌പിക കഥയൊന്നും അല്ല.ഒരാള്‍ അത്യാഹിതത്തില്‍ മരണപ്പെട്ട വിവരം അറിയിക്കാന്‍ അയാളുടെ സഹോദരനെ വിളിച്ചപ്പോള്‍ ഒപ്പനപ്പെരുക്കം റിങ്ങായി മുഴങ്ങിയതിനാല്‍ ഫോണ്‍ ഒഴിവാക്കി ടാക്‌സിയില്‍ പോയി വിവരം എത്തിച്ചതും ഭാവനാ വിലാസമല്ല.സാമാന്യം ഭേദപ്പെട്ട റിങ് തെരഞ്ഞെടുക്കാവൂ.ഏതു തരം സദസ്സില്‍ വെച്ച്‌ മൂളിയാലും അരോചകമില്ലാത്തതായിരിക്കണം.അതു പോലെ മറ്റൊരാള്‍ വിളിക്കുമ്പോള്‍ കേള്‍‌ക്കേണ്ടതും മര്യാദകെടാത്ത റിങ് മാത്രമേ ആകാവൂ.ഏതു ദേശ ഭാഷക്കാരനും വിശ്വാസക്കാരനും പ്രത്യയശാസ്‌ത്രക്കാരനും അസഹ്യമല്ലാത്തതും..

വാട്ട്‌സാപ്പിലൂടെ പലതും ഒഴുകി എത്തും.ഇഷ്‌ടപ്പെടാത്തതാവുമ്പോള്‍ ഒരു പക്ഷെ ഡിലീറ്റില്‍ വിരലമര്‍ത്തുകയും ചെയ്യുമായിരിക്കും.എന്നാല്‍ ഇങ്ങനെ മാത്രം ചെയ്‌താല്‍ പോര.ഇടക്ക്‌ ഡിവൈസ് ക്ലിയര്‍ ചെയ്യണം.കൂടാതെ മൈഫയലില്‍ പോയി ഓഡിയൊ,വീഡിയൊ,ഇതര ഇമേജുകള്‍ എന്തൊക്കെയാണെന്നു പരിശോധിക്കുകയും അഭിലഷണീയമല്ലാത്തത്‌ ഡിലീറ്റ്‌ ചെയ്യുന്നതും നന്നായിരിക്കും.അല്ലെങ്കില്‍ വാട്ട്‌സാപ്പ്‌ സ്റ്റാറ്റസിലെ ലേറ്റസ്റ്റ് അപ്‌ഡേറ്റായി ശ്ലീലവും അശ്ലീലവുമായ ചിത്രങ്ങളും ചിത്രീകരണങ്ങളും വന്നെന്നിരിക്കും.അപ്പോള്‍ ഓരോരുത്തരുടേയും അക്ഷരാര്‍‌ഥത്തിലെ സ്റ്റാറ്റസ്‌ ലോകം അറിയുകയും ചെയ്യും.

സോഷ്യല്‍ മീഡിയാ വിശിഷ്യാ വാട്ട്‌സാപ്പ്‌ ഷയറിങ് മാരക രോഗമായി പരിഗണിക്കപ്പെടാവുന്ന തരത്തിലേയ്‌ക്ക്‌ വളര്‍‌ന്നിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം.തനിക്ക്‌ അയച്ചു കിട്ടിയത്‌ മറ്റൊരു വ്യക്തിയ്‌ക്കോ ഗ്രൂപ്പിനൊ കൈമാറണമെന്ന കലശലായ ആഗ്രഹം ഇതത്രെ ഈ രോഗത്തിന്റെ പ്രകടമായ ലക്ഷണം.

കൂട്ടുങ്ങലങ്ങാടിയില്‍ കാണായതായ കുട്ടിയെ ചൊല്ലി കടലിനിക്കരെയുള്ളവര്‍ തെരച്ചില്‍ ഊര്‍‌ജ്ജസ്വലമാക്കുന്ന ഷയറിങ്ങുകളും മണ്‍ല്‍ കാട്ടിലെവിടെയൊ വീണു പോയ ഐഡി മലയാളക്കരയില്‍ തെരയുന്നതും ഈ രോഗത്തിന്റെ മൂര്‍‌ച്ച സൂചിപ്പിക്കുന്നു.കാലാവസ്ഥാ പ്രവചനങ്ങളും ഉത്സവ വാര്‍ത്തകളും എന്തിനേറെ മരണ വിവരങ്ങള്‍ പോലും സ്ഥലകാല സമയ പരിമിതികളും വിട്ട്‌ ചിലപ്പോള്‍ പ്രവഹിക്കുന്നതു കാണാം. 

കേരളത്തിലെ പ്രസിദ്ധനായ ഒരെഴുത്തുകാരന്റെ നല്ല പാതിയുടെ 2015 ലെ മരണം വര്‍ഷങ്ങള്‍‌ക്ക്‌ശേഷവും ഒഴുകിനടന്നിരുന്നു.മാത്രമല്ല പല ഗ്രൂപ്പുകളിലും വേര്‍‌പാടിന്റെ വിവരം അറിഞ്ഞു അനുശോചനം കുമിഞ്ഞു കൂടുകയും ചെയ്‌തിരുന്നു.

നമ്മുടെ ഓര്‍മ്മകള്‍ (മെമ്മറികള്‍) പോലും മരവിച്ചിരിക്കുന്നു.ആധുനിക ഇലക്‌ട്രോണിക് സം‌വിധാനങ്ങളിലെ മെമ്മറികളിലാണ്‌ ചര്‍‌ച്ചകള്‍ കെട്ടുപിണയുന്നതും പുരോഗമിക്കുന്നതും.അഥവാ സാക്ഷാല്‍ മെമ്മറികള്‍ നഷ്‌ടപ്പെടുന്ന കാലം.

വീട്ടു മുറ്റത്തൊ,സ്വീകരണ മുറിയിലൊ,പൊതു മൈതാനത്തു പോലുമല്ല.സമൂഹിക മാധ്യമങ്ങളിലെ ഇടം.ഭൂഗോളത്തിന്റെ തന്നെ പൂമുഖ വരാന്തകളിലാണ്‌.അതിനാല്‍ വികാര വിചാരങ്ങളും വിശേഷങ്ങളും വിശ്വാസപരവും അല്ലാത്തതും ഒക്കെ പങ്കുവെയ്‌ക്കും മുമ്പ്‌ ഒരു വട്ടം അല്ല നൂറു വട്ടം ഓര്‍‌ക്കുക.

ഹിബ അബ്‌ദുല്‍ അസീസ്‌

Tuesday, 11 April 2017

വിഭാവനയിലെ മഹല്ല്‌

ലോക മുസ്‌ലിം സമൂഹത്തിനു തന്നെ മാതൃകയായ രൂപത്തില്‍ വ്യവസ്ഥാപിതവും ശാസ്‌ത്രീയവുമായ രീതിയില്‍ കേരള വിശ്വാസി സമൂഹത്തിന്റെ മത - സാമൂഹ്യ ജീവിതത്തില്‍ മഹല്ലുകള്‍ ഗുണപരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു.

ആധുനികയുഗത്തില്‍ മഹല്ലുകളുടെ ഉത്തരവാദിത്തങ്ങളും മഹല്ലുകളില്‍ നിന്നുള്ള പ്രതീക്ഷകളും വര്‍ധിച്ചിരിക്കുന്നു.ആരാധനാപരമായ കാര്യങ്ങള്‍ നേരാം വണ്ണം നിര്‍വഹിക്കാനുള്ള സൌകര്യങ്ങള്‍ ചെയ്‌തു കൊടുക്കുക,പ്രാഥമികമായ ഇസ്‌ലാമിക പാഠങ്ങള്‍ ഇളം തലമുറയ്‌ക്ക്‌ അഭ്യസിപ്പിക്കുവാന്‍ അവസരമൊരുക്കുക എന്നീ പരിമിതമായ  ചുമതലകളില്‍ ഒതുങ്ങി നിന്നിരുന്ന അവസ്ഥയ്‌ക്ക്‌ മാറ്റം സംഭവിച്ചിരിക്കുന്നു. ഇപ്പോള്‍ സമുദായത്തിന്റെ സമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മഹല്ലുകള്‍ സക്രിയമായി ഇടപെടുകയും നേതൃത്വം നല്‍കുകയും ചെയ്യുന്ന അവസ്‌ഥ സംജാതമായിരിക്കുന്നു.ഈ സാഹചര്യത്തെ മുന്‍ നിര്‍‌ത്തി ചിലത്‌ പങ്കു വെയ്‌ക്കുന്നു.

മഹത്തായ ഒരു പാരമ്പര്യത്തിന്റെ പരിശുദ്ധത കാത്ത്‌ സൂക്ഷിക്കേണ്ട ബാധ്യതയുള്ളവരാണ്‌ വിശ്വാസികള്‍ .പൂര്‍വ്വികര്‍ ചെയ്‌തതുപോലെ ചെയ്യാന്‍ നമുക്കാവില്ല.എല്ലാ അര്‍ഥത്തിലും നാം അവരെ അപേക്ഷിച്ച്‌ ദുര്‍ബലര്‍ തന്നെ. ആത്മാര്‍ഥതയില്‍ ത്യാഗബോധത്തില്‍  അനുഭവജ്ഞാനത്തില്‍ എല്ലാം നാം അവരെ അപേക്ഷിച്ച്‌ പിന്നിലാണ്‌.

പള്ളികള്‍ കേന്ദ്രീകരിച്ച്‌ മത സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക ആരോഗ്യ കാര്യങ്ങളില്‍ കൂട്ടു സംരംഭങ്ങളിലൂടെ സാമുദായിക പുരോഗതി ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ്‌ നമുക്ക്‌ അഭികാമ്യം.  

അധികാര വികേന്ദ്രീകരണങ്ങളിലൂടെ വിവിധമേഖലകള്‍ക്ക്‌ പ്രത്യേകമായി തലവന്മാരെ നിശ്ചയിച്ചുകൊണ്ടും ആസുത്രണങ്ങള്‍ കൊണ്ടും ഒട്ടേറെ കാര്യങ്ങള്‍  സുഖമമായി മുന്നോട്ട്‌ കൊണ്ടു പോകാന്‍ കഴിയും.

കര്‍മ്മത്തിലും ധര്‍മ്മത്തിലും വിശ്വാസപരമായ പരിശുദ്ധി പുലര്‍ത്തുന്ന ഉത്തമ മാതൃകയുള്ള തലമുറയെ സൃഷ്‌ടിച്ചെടുക്കാന്‍ സാധ്യമാകുന്ന പ്രതിജ്ഞാബദ്ധമായ ഒരു സമൂഹം. മാതൃകായോഗ്യരായ നേതൃനിര….

എല്ലാ അര്‍ഥത്തിലും അച്ചടക്കബോധമുള്ള ദിശാബോധമുള്ള പ്രവര്‍ത്തകസമിതിയുടെ നിയന്ത്രണത്തിലുള്ള പള്ളിയും പള്ളിക്കൂടവും.

മഹല്ലിന്റെ നാഡിമിടുപ്പുകള്‍ മനസ്സിലാക്കി ഉപദേശനിര്‍ദേശങ്ങള്‍ നല്‍കി മഹല്ലിനോടൊപ്പം ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഇമാമും സഹകാരികളായി മദ്രസ്സാ അധ്യാപകരും.മാതൃകാ യോഗ്യരായ അധ്യാപകര്‍.

പഠനവും വായനയും സംശയ നിവാരണ കേന്ദ്രവുമായ കര്‍മ്മ നിരതമായ മദ്രസ്സാ സംവിധാനം.വയോജന ദീനി വിദ്യാഭ്യാസ കേന്ദ്രം.

വ്യക്തവും കൃത്യവുമായ കണക്കുകളും റിപ്പോര്‍ട്ടുകളും സൂക്ഷ്‌മമായ റെക്കാര്‍ഡ് സംവിധാനം .

വിവാഹം വിവാഹ മോചനം വിദ്യഭ്യാസം തുടങ്ങിയ ഔദ്യോഗിക രേഖകളുടെ ശാസ്‌ത്രീയമായ പരിഷ്‌കരണം.

പള്ളി മദ്രസ്സാ പരിപാലനവുമായ ബന്ധപ്പെട്ട ചെലവുകള്‍ കൃത്യമായി നടക്കും വിധമുള്ള ശാസ്‌ത്രീയമായ സമാഹരണം.

ചുരുക്കത്തില്‍ വ്യക്തവും ശുദ്ധവും സര്‍വോപരി നിഷ്‌ഠയോടുകൂടിയ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ മഹല്ലില്‍ പ്രതിഫലനങ്ങളുണ്ടാക്കാന്‍ സാധിക്കും .നമ്മുടെ അവസ്ഥയിലെ മാറ്റം ഔദ്യോഗിക സംവിധാനങ്ങളും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഏജന്സികളുടെ ഭാഗത്ത്‌ നിന്നുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും അനായാസേന കരഗതമാക്കാന്‍ സാഹചര്യങ്ങളൊരുക്കുകയും ചെയ്യും.
  
സംസ്‌കൃതമായ സമൂഹത്തില്‍ ആരോഗ്യകരമായ സംവാദങ്ങള്‍ സ്വാഗതാര്‍ഹമാണ്‌.എന്നാല്‍ ഒറ്റപ്പെട്ട ചര്‍ച്ചകളില്‍ പോലും അപരനെ തോല്‍പ്പിക്കുക എന്ന തരത്തിലാണ്‌ സംഭാഷണങ്ങള്‍ നടക്കുന്നത്‌.ഇതു ഗുണത്തേക്കാള്‍ ദോഷം മാത്രമേ ജനിപ്പിക്കുകയുള്ളൂ.മഹല്ലു സംവിധാനം ദുര്‍ബലപ്പെടരുതെന്ന ഉറച്ച ബോധ്യവും ബോധവും നമുക്കുണ്ടായിരിക്കണം.വീക്ഷണ വൈകൃതങ്ങള്‍ എന്ന സങ്കല്‍പത്തിനു പകരം വീക്ഷണ വൈവിധ്യങ്ങള്‍ എന്ന ഉയര്‍ന്ന വിതാനം കാത്തു സൂക്ഷിക്കുമ്പോള്‍ മാത്രമേ ആരോഗ്യകരമായി സംവാദം സാധ്യമാകുകയുള്ളൂ.

മഹല്ലു സംവിധാനം ഏറെ ശക്തമാകുക തന്നെവേണം.നാടിന്റെ പൊതു കാര്യങ്ങളില്‍ ബുദ്ധിപൂര്‍വകമായ തിരുമാനങ്ങളെടുക്കാന്‍ പ്രാപ്‌തരായ ഒരു സമിതി ഉണ്ടായിരിക്കണം.സാമൂഹിക രാഷ്‌ട്രീയ മതബോധമുള്ള എല്ലാ ആശയക്കാരും ഉള്‍കൊള്ളുന്ന വ്യക്തിത്വങ്ങള്‍ ഈ സംവിധാനത്തെ നയിക്കുന്ന അവസ്ഥയും സംജാതമാകണം.

സമവായം
------------
സകല കക്ഷി രാഷ്‌ടീയ ചേരിതിരിവുകളില്‍ നിന്നും മഹല്ല്‌ പരിപാലനത്തെ മുക്തമാക്കി നില നിര്‍ത്തണം.മഹല്ല്‌ മാര്‍ഗനിര്‍‌ദേശക രേഖയെ മുഖവിലെക്കെടുത്തു കൊണ്ടുള്ള പരിപാലന നയം നടപ്പില്‍ വരുത്തണം.മഹല്ലു പരിപാലനത്തിലും അതിന്റെ നിര്‍‌വഹണ ദൗത്യങ്ങളിലും കാതലായ മാറ്റങ്ങള്‍ വേണ്ടിവരുമ്പോള്‍ മഹല്ല്‌ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച്‌ ജനാഭിപ്രായം രൂപപ്പെടുത്തണം.എല്ലാവരും മഹല്ലു സം‌വിധാനത്തില്‍ ഭാഗഭാക്കുകളാണെന്ന ബോധത്തെ ബോധ്യപ്പെടുത്താനാകാത്ത സാഹചര്യങ്ങള്‍ ഉണ്ടാകുന്ന പക്ഷം മഹല്ലിലെ ദൈനം ദിന നീക്കങ്ങളെ പോലും താറുമാറാക്കും.മഹല്ലു പരിപാലിക്കുന്നവര്‍ അതിനെ സസൂക്ഷ്‌മം നിരീക്ഷിക്കുന്നവര്‍ എന്നതിനപ്പുറം ഒരു മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനിവാര്യമാകുന്ന സാഹചര്യം ഒഴിവാക്കുന്നതായിരിയ്‌ക്കും ആരോഗ്യകരം.ആശ്വാസ ദായകവും.

മഞ്ഞിയില്‍

മകനേ അറിയുക..

നീയീ ഭൂമിയിലാദ്യമായറിഞ്ഞ സ്പർശനവും, സ്നേഹവും, ത്യാഗവും എല്ലാം ഒരു സ്ത്രീയുടേതായിരുന്നു..

    നിന്റെ മാതാവെന്ന ആ പുണ്യമാണ് നിന്നെ മുലപ്പാലാമൃതൂട്ടിയത്.
    നിനക്ക് നോവുമ്പോൾ നിന്നെക്കാൾ നൊന്തു ആ മനം.
    നീ സന്തോഷിക്കുമ്പോൾ നിന്നെക്കാൾ സന്തോഷിച്ചു ആ ഹൃദയം.
    നീ എന്ന ചിന്ത മാത്രമായിരുന്നു ഊണിലും ഉറക്കിലും എല്ലാം.
    നിനക്ക് വേണ്ടി മാറ്റി വെച്ചു പ്രിയപ്പെട്ടതെല്ലാം.
    നിന്റെ ഓരോ വളർച്ചയിലും താങ്ങായി തണലായി കൂടെ നിന്നു.

ആ കണ്ണുകൾ നനയാൻ നീ  ഇട വരുത്തരുത്, ആ ഹൃദയം തപിക്കാൻ നീയൊരു ഹേതുവാകരുത്. ആ കൈകൾക്കു നീ വിശ്രമം നൽകണം. ആ കരളിന് നീ ആനന്ദം പകരണം. ആ മനസ്സിന്റെ സന്തോഷത്തിലും സന്താപത്തിലും നീയൊരു മേഘത്തണലാകണം.
പൊന്നുമോനെ... നിന്റെ മാതാവ് ഭൂമിയിൽ മറ്റൊന്നും പകരം വെക്കാനാവാത്ത വിലമതിക്കാനാവാത്ത രത്നമാണ്...!!
വിശ്വത്തിനു മുഴുവൻ കാരുണ്യമായ് പെയ്തിറങ്ങിയ സ്നേഹദൂതൻ പറഞ്ഞതും അതാണല്ലോ..."മാതാവിൻ കാലടി കീഴിലാണ് ശാശ്വത ഭവനം" എന്ന്..

അവൾ സ്ത്രീ...
നിന്നെപോലെ നിന്റെ മാതാവ് കഷ്ട്ടപ്പെട്ടു വളർത്തിയ നിന്റെ കുഞ്ഞു പെങ്ങൾ.. ഏട്ടനായ നിന്റെ കിലുക്കാം പെട്ടി, കുസൃതിക്കാരി, അവൾക്കായി നീ തോറ്റു കൊടുക്കുമ്പോൾ അവളുടെ ജയത്തിലെ സന്തോഷം അവളെക്കാൾ നിന്നെ സന്തോഷിപ്പിക്കുന്നു..
അരുതാത്തൊരു നോട്ടം പോലും അവളുടെ മേൽ വീണു എന്നറിഞ്ഞാൽ, അർഹതയില്ലാത്ത ഒരു  വാക്ക് അവളുടെ കാതിൽ പതിഞ്ഞു എന്നറിഞ്ഞാൽ നിന്നിലെ പൗരുഷം ചോര തിളക്കുന്നു.
അകന്നിരിക്കുമ്പോൾ എത്ര കേട്ടാലും മതി വരാത്ത വിശേഷം ആണവൾ നിനക്ക്. ഒരാളുടെ കൈപിടിച്ച്  അവളെ പടിയിറക്കുമ്പോൾ ചിരിക്കുന്ന ചുണ്ടിനു പിന്നിൽ നുറുങ്ങുന്ന ഹൃദയത്തിന്റെ തുളുമ്പൽ നീ മറച്ചു വെക്കുന്നു.. അതെ അവൾ നിനക്ക് വെറുമൊരു സ്ത്രീയല്ല, നിന്റെ ചങ്കിലെ പിടപ്പാണവൾ..!!
കാരുണ്യത്തിൻ ദൂതൻ മൊഴിഞ്ഞുവല്ലോ, രണ്ടോ, മൂന്നോ സഹോദരിമാരോട് അവർക്കു നന്മ ചെയ്തു കൊടുത്ത് സഹവർത്തിക്കുന്നതും, അവരുടെ കാര്യത്തിൽ നാഥനെ സൂക്ഷിക്കുകയും ചെയ്യുന്നവന് സ്വർഗ്ഗാരാമം ഉണ്ടെന്ന്..!!

അവൾ സ്ത്രീ..
നിന്റെ കലാലയത്തിലെ സഹപാഠിയാണ്, ജോലി സ്ഥലത്തെ സഹപ്രവർത്തകയാണ്. നിന്റെ നോട്ടവും വാക്കും മാന്യമായി മാത്രം കൊടുക്കേണ്ടവൾ.
 അവളുടെ സംസ്കാരം എന്തായിരുന്നാലും നിന്റെ സംസ്കാരം ഉടയാതിരിക്കണം. നിന്റെ കുഞ്ഞു പെങ്ങളെ പോൽ അവളൊരു മാതാവിന്റെയും പിതാവിന്റെയും കണ്ണിലുണ്ണിയാണ്. അവളുടെ ചാരിത്ര്യം അവരുടെ നെഞ്ചിൻ കൂടിലെ അണയാത്ത ദീപമാണ്. അവൾ നിന്നരികിലൂടെ പോകുമ്പോൾ സുരക്ഷിതയായിരിക്കണം. നിന്റെ കണ്ണുകൾ അവളുടെ സൗന്ദര്യത്തിൽ വീണു പോകുന്നതാവരുത്, അവൾക്കു ചുറ്റിലുമുള്ള തിന്മയുടെ കറുപ്പിലേക്കു  തിരിയുന്ന വിളക്കുകളാകണം.
അവൾ സ്ത്രീ...
ദാരിദ്ര്യത്താൽ കടത്തിണ്ണയിലും തെരുവിലും അലയുന്നവളാണ്. നിന്നിലെ പൗരുഷം അവളുടെ മേൽ തുണയാകണം. വീണു കിടക്കും ഉടയാടകൾ സഹോദരക്കണ്ണിനാൽ പുതപ്പിച്ചു കൊടുക്കണം. നിന്നിലെ മനുഷ്യത്വം അവൾക്കു വേണ്ടിയൊരു അന്തിക്കൂര പണിതു കൊടുക്കണം...
ലോകം കണ്ട ഏറ്റവും നല്ല വ്യക്തിത്വം (സ) പറഞ്ഞുവല്ലോ നിങ്ങളിൽ ഏറ്റവും മാന്യൻ സ്ത്രീകളോട് നന്നായി പെരുമാറുന്നവൻ ആണെന്ന്..!!

അവൾ സ്ത്രീ...
നിന്റെ ഇണയാണവൾ. നിന്നെ വിശ്വസിച്ചു നിന്നെ ആശ്രയിച്ചു നിന്നോടൊത്തെന്നും കഴിയാൻ കൂടെ വന്നവൾ.
നിന്റെ കുഞ്ഞിന് ജന്മം നല്കിയവൾ.
നീയവൾക്ക് വേദനകളിൽ തലോടലാകണം,
വിഷമങ്ങളിൽ താങ്ങാവണം,
അവളുടെ മോഹങ്ങൾ പൂക്കുന്നത് നിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കണം.
 അവളുടെ വിശ്രമങ്ങൾ നിന്റെ ആനന്ദമാവണം.
അവളുടെ ഭാരങ്ങൾ നിന്റെ വേവലാതിയാകണം.
അവളുടെ ആഗ്രഹങ്ങൾ നിന്റെ പൂവിടുന്ന സ്വപ്നങ്ങളാകണം. അവളുടെ ന്യൂനതകളെ മറച്ചു വെക്കുന്ന വസ്ത്രമാകണം നീ.

ലോകാനുഗ്രഹി(സ) പറഞ്ഞുവല്ലോ.. സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ രക്ഷിതാവിനെ സൂക്ഷിക്കുക, നാഥനിൽ നിന്നുള്ള ഒരു വിശ്വസ്‌തമൂല്യം എന്ന നിലക്കാണ് നിങ്ങളവരെ സ്വീകരിച്ചിട്ടുള്ളത്.

മകനേ...!!
    വീട്ടിനകത്തും പുറത്തും സ്ത്രീയെന്നാൽ നിനക്കേറെ പ്രിയപ്പെട്ടതാകണം.
    നിന്റെ കരങ്ങളിൽ അവളെന്തു രൂപത്തിലും സുരക്ഷിതയാവണം.
    നിന്റെ പൗരുഷം അവളുടെ കാവലാകണം.
    നിന്റെ സമ്പാദ്യം അവളുടെ തണലാകണം.
    നിന്റെ മാന്യത അവളുടെ മേൽ കാരുണ്യമാകണം..

അതെ! നിന്റെ രക്ഷിതാവ് നിന്നെ അവളെക്കാൾ ബലവാനാക്കി, "നിനക്കവളേക്കാൾ ഒരു  പദവി കൂട്ടി നൽകി" ആ പദവിയുടെ മഹത്വം നിന്റെ സംസ്കാരത്തിലൂടെ അവൾ തിരിച്ചറിയണം.

ത്വാഹിറ ഇബ്രാഹിം നാലകത്ത്
ത്വാഹിറ ഇബ്രാഹീം നാലകത്ത്‌.തിരുനെല്ലൂരിന്റെ അയല്‍ മഹല്ലായ എളവള്ളി സ്വദേശിനി.പെരിങ്ങാടുമായി വേരുകളുള്ള ത്വാഹിറ ദോഹ ബാങ്ക്‌ ഉദ്യോഗസ്ഥനായ അബ്‌ദുല്‍ വഹാബിന്റെ സഹധര്‍മ്മിണിയാണ്‌.കുടും‌ബസമേതം ദോഹയില്‍ താമസിക്കുന്നു.

ലഹരി നാശങ്ങളുടെ താക്കോല്‍

സദ്‌വൃത്തനായ ഒരാള്‍ ദുര്‍‌വൃത്തരായ ഒരു സം‌ഘത്തിന്റെ കുരുക്കില്‍ പെട്ടു.പിടിക്കപ്പെട്ട സാത്വികന്‍ പീഡിപ്പിക്കപ്പെട്ട അത്ഭുതാവഹമായ രീതി സാന്ദര്‍‌ഭികമായി പങ്കു വെക്കുന്നു.ഒന്നുകില്‍ ഒരാളുടെ ഗളഛേദം നടത്തണം,അല്ലെങ്കില്‍ അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടണം അതിനും തയ്യാറില്ലെങ്കില്‍ ലഹരി സേവിക്കണം.ഓരോ ശിക്ഷയും കഠിന കഠോരം.

താരതമ്യേന ലളിതമായ ലഹരി സേവിക്കുക എന്ന ശിക്ഷ അദ്ധേഹം തെരഞ്ഞെടുത്തു.ലഹരിയില്‍ മതിമറന്ന സാധു അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ഒരു സഹോദരനെ വക വരുത്തുകയും ചെയ്‌തുവത്രെ.അതെ പ്രവാചകന്‍ അരുളി:-ലഹിരി സകല നാശങ്ങളുടേയും താക്കോലാണ്‌.

ലഹരി ഉപയോഗം സകല നാശങ്ങളുടെയും താക്കോലാണെന്ന പ്രവാചക പാഠം പ്രസിദ്ധമാണ്‌.വര്‍ത്തമാനകാല സമൂഹം കുത്തഴിഞ്ഞതിന്റെ കാര്യകാരണങ്ങളിലെ പ്രധാന വില്ലനും ലഹരി തന്നെ.ഇതില്‍ സര്‍ക്കാര്‍ അനുവധിച്ച ലഹരി അനുവദിക്കാത്ത ലഹരി എന്ന അളവുകോലുകള്‍ക്ക്‌ ഒരു വക പ്രസക്തിയും ഇല്ല.സമാധാനമാഗ്രഹിക്കുന്നവന്റെ സ്വാസ്ഥ്യം നഷ്‌ടപ്പെടുത്തുന്ന സാമൂഹികാവസ്ഥയില്‍ ദുരിതം പേറുന്നവരിലധികവും സ്‌ത്രീകളും കുട്ടികളുമാണ്‌.ഒരു സമൂഹത്തിന്റെ സകലവിധ ഹരിതഭാവങ്ങളെയും കരിച്ചുണക്കുന്ന ഈ വില്ലനെ തളര്‍ത്തുന്നതിലും തളയ്‌ക്കുന്നതിലും രാഷ്‌ട്രീയഭേദം മറന്ന്‌ ഒന്നിക്കുന്നതിനുപകരം പരസ്‌പരം പോരടിച്ചും പ്രത്യയശാസ്‌ത്ര വീമ്പ്‌ പറഞ്ഞും സമയം കൊല്ലുന്ന ദയനീയമായ കാഴ്‌ചകളാണ്‌ ദിനേന കണ്ട്‌ കൊണ്ടിരിക്കുന്നത്‌.

എണ്ണമറ്റ കുടുംബങ്ങളുടെ സ്വാസ്ഥ്യം നഷ്‌ടപ്പെടുത്തി ഒറ്റപ്പെട്ട ആളുകള്‍ ജീവിതം ആഘോഷിക്കുന്ന കൊടും ക്രൂരതയ്‌ക്കെതിരെ സമൂഹം ഉണര്‍ന്നെഴുന്നേറ്റെങ്കില്‍.

മദ്യമല്ല മതമാണ്‌ നിരോധിക്കേണ്ടതെന്നാണ്‌ ഒരുകൂട്ടരുടെ വാദം .തലക്ക്‌ പിടിക്കുന്നത്‌ എന്തായാലും സമൂഹത്തിന്‌ ഗുണം ചെയ്യുകയില്ല.ചിലര്‍ക്ക്‌ മതം ലഹരിയായി മാറുന്നു.മറ്റു ചിലര്‍ക്ക്‌ തങ്ങളുടെ വിഭാവനയിലുള്ള ദര്‍ശനങ്ങള്‍ ലഹരിയാകുന്നു.ഇതുപോലെ സംഘങ്ങളും സംഘടനകളും ലഹരിയാകുന്നവരും ഉണ്ട്‌.വേറെ ചിലര്‍ക്ക്‌ സാക്ഷാല്‍ മദ്യം തന്നെ ലഹരിയായി മാറുകയും ചെയ്യുന്നു.സംയനത്തിന്റെ പാത ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കുക എന്നതായിരിക്കും നിരര്‍ഥകമായ വര്‍ത്തമാനങ്ങളേക്കാള്‍ മനുഷ്യന്‌ അഭികാമ്യം.മതം മദമിളകാനുള്ളതല്ല.മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കാനുള്ളതാണ്‌.

ഒരു സമൂഹത്തിന്റെ സംസ്‌കൃതവും ശാന്തവുമായ ഒഴുക്കിന്‌ സഹായകരമായവിധമുള്ള സനാതനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്‌ മതങ്ങളാണ്‌ എന്നത്‌ ഒരു വലിയ അപരാധമെന്നമട്ടില്‍ ഉയര്‍ന്നു വരുന്ന സ്വരങ്ങള്‍ അഭിലഷണീയമല്ല.ലഹരിയിലലിയുന്ന സമൂഹത്തിന്റെ വിപത്തുകളെക്കുറിച്ച്‌ വിശുദ്ധവേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നു എന്നതിനാല്‍ ഈ തിന്മയെ നിരുത്സാഹപ്പെടുത്താനുള്ള ഒരുക്കങ്ങളെ അംഗീകരിക്കാനാകില്ലെന്ന ശാഠ്യം ആര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാനാകുമോ ???

ഹമദ്‌ അബ്‌ദുല്‍ അസീസ്‌